പരിചിതമല്ലാത്ത ഒരു സ്ഥലത്തേക്കു നിങ്ങൾ യാത്ര തിരിക്കുകയാണെന്നു വിചാരിക്കുക. വഴികൾ ഏറെക്കുറെ അവ്യക്തമാണുതാനും. എങ്കിലും ആശങ്കയുടെ നിഴൽപോലും മനസിലുണ്ടാകില്ല. നിങ്ങൾക്കൊപ്പം അദൃശ്യനായ ഒരു മാർഗദർശിയുണ്ട്. അത് പറയുന്നു; ഇടത്തോട്ട് തിരിയുക. നിങ്ങൾ തിരിയുന്നു. വലത്തോട്ടു തിരിക്കുക; അനുസരിക്കുന്നു. റൗണ്ടാനകൾ മറികടക്കുന്നു. തലച്ചോറിൽ ഓർമകൾ ചുമക്കേണ്ട. അൽഗോരിതങ്ങൾ കാട്ടിത്തരുന്ന വഴിയിലൂടെ നിങ്ങൾ (നമ്മൾ) ദൂരങ്ങളെ പിഴുതെറിഞ്ഞ് കുതിച്ചുപായുന്നു. നോട്ടിഫിക്കേഷനുകളും റിയൽ ടൈം ട്രാഫിക് അപ്ഡേറ്റും നമുക്ക് തുണയുണ്ട്.
നമ്മൾക്കു മുകളിൽ നമ്മെ നിയന്ത്രിക്കുന്ന അദൃശ്യശക്തികളുണ്ട്. ബൈനറികൾക്കിടയിൽ അത് മറഞ്ഞുകിടക്കുകയാണ്. അൽഗോരിതങ്ങൾ അത്ര നിഷ്കളങ്കരല്ല. നിങ്ങൾ ക്ലിക് ചെയ്യുന്നത്, സ്ക്രോൾ ചെയ്യുന്നത്, ലൈക്ക് ചെയ്യുന്നത്, സമയം ചെലവഴിക്കുന്നത് - ഇവയെല്ലാം ചേർന്നതാണ് ഡേറ്റ. അതിനു വിലയുണ്ട്, അത് ശേഖരിക്കപ്പെടുന്നു. വിശകലനം ചെയ്യപ്പെടുന്നു, വിൽക്കപ്പെടുന്നു; നമ്മൾപോലും അറിയാതെ. ആഗോള ഡേറ്റാ വ്യവസായത്തിന്റെ കൈയിലെ ഉപകരണങ്ങൾകൂടിയാണ് നാം.
മാറ്റത്തിന്റെ പ്രകാശവർഷങ്ങൾ
2000 മുതൽ 2025 വരെ ലോകം മാറിയതിന്റെ വേഗത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ അതിനുമുമ്പ് 250 വർഷം മാറിയതിനേക്കാൾ വേഗത്തിൽ. അമ്പരപ്പിക്കുന്ന ഈ മാറ്റത്തിനു കാരണം ഏതാനും ഡിവൈസുകളും അതിനെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ കണക്ടിവിറ്റിയുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിൽ കേരളത്തിൽ നോക്കിയ, മോട്ടോറോള ഫീച്ചർ ഫോണുകളെത്തി. മോണോടോൺ റിങ്ടോണും ഉണ്ടവിഴുങ്ങിപ്പാമ്പുകളെയും പിന്നിട്ട് അമ്പരപ്പിക്കുന്ന ആൻഡ്രോയ്ഡിലും ആപ്പിളിലുമെത്താൻ ഏതാനും വർഷം മാത്രമേയെടുത്തുള്ളൂ.
ഡിവൈസ് കൺവേർജൻസിനുവേണ്ടി കമ്പനികൾ മത്സരിച്ചു. കൂടുതൽ ഡിവൈസുകളും സാധ്യതകളും ഒറ്റയൊന്നിൽ എന്നതായിരുന്നു മുദ്രാവാക്യം. അങ്ങനെ ഉപകരണങ്ങളുടെ ഉപകരണമായി സ്മാർട്ട് ഫോണുകൾ മാറി.
പിന്നെ സോഷ്യൽ മീഡിയ യുഗം പിറന്നു. ഓർക്കൂട്ട് വന്നുപോയി. ഫേസ്ബുക്കിൽ ലൈക്കിയും റിക്വസ്റ്റ് അയച്ചും കാലം മുമ്പോട്ടു പോയി. ടെക്സ്റ്റുകളെക്കാൾ സ്ക്രോളുകളെ ഇഷ്ടപ്പെട്ട ജെൻ-സികൾ ഫേസ് ഉപേക്ഷിച്ച് ഇൻസ്റ്റയെ പ്രാപിച്ചു. മനുഷ്യർ രണ്ടായി. ഫേസ്ബുക്ക് തലമുറയും ഇൻസ്റ്റാ തലമുറയും.
സോഷ്യൽ മീഡിയയുടെ ആദ്യതരംഗം പ്രൊഫൈൽ കേന്ദ്രീകൃതമായിരുന്നെങ്കിൽ രണ്ടാംഘട്ടം ഉള്ളടക്ക കേന്ദീകൃതമായിരുന്നു. ടെക്സ്റ്റ് മെസേജിംഗ് ആപ്പുകൾ, ഫുഡ് ഡെലിവറി ആപ്പുകൾ, ടാക്സി ആപ്പുകൾ, കാർ ഓട്ടം തുടങ്ങി യുദ്ധവും കൊള്ളയും വെടിവയ്പും വരെ ചെന്നെത്തുന്ന പലവിധം ഗെയിമുകൾ, വീടിനെ തിയറ്ററാക്കുന്ന ഒടിടികൾ... സംസ്കാരത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികൾ നേർത്തു. മനുഷ്യജീവിതത്തിന്റെ അർഥം, സ്നേഹം, സദാചാരം, കുടുംബം, ബന്ധങ്ങൾ എന്നിങ്ങനെ മനുഷ്യനെപ്പറ്റിയുള്ള എല്ലാ വ്യവഹാരങ്ങൾക്കും പുനർനിർവചനം ആവശ്യപ്പെടുന്ന ഒരു കാലം പിറന്നു.
കണക്കനുസരിച്ച് ആദ്യത്തെ ജെൻ-സി ജനിക്കുന്നത് 1997ലാണ്. ഏതായാലും ഈ തലമുറ കൺതുറന്നത് സാങ്കേതികവിദ്യയുടെ അമ്പരപ്പിക്കുന്ന ലോകത്തേക്കാണ്. ഡിജിറ്റലിൽ ഉണ്ടും ഉറങ്ങിയും വളർന്ന ആ തലമുറ ഡിജിറ്റൽ നേറ്റീവ്സ്. തൊട്ടുമുന്നിലുള്ള തലമുറ ഏന്തിയും മുടന്തിയും ഡിജിറ്റൽ ലോകത്തേക്കു പിച്ചവച്ചു. നിവൃത്തിയില്ലാതെ ഡിജിറ്റലായ അവർ ഡിജിറ്റൽ മൈഗ്രന്റ്സ്.
വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും ലോകമാണ് ഇന്റർനെറ്റ്. പക്ഷേ അത് ഉപരിതലത്തിൽ മാത്രമാണ്. വ്യത്യസ്തതകളെയും തനിമകളെയുമാണ് ഇന്റർനെറ്റ് ആദ്യം ആക്രമിച്ചത്. ഒരൊറ്റ സംസ്കൃതിയിലേക്ക് മനുഷ്യരെ എടുത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ് അത്.
അമേരിക്കൻ കമ്പനികളുടെ സർവാധിപത്യം ഇന്റർനെറ്റിന്റെ തുടക്കംമുതലേ ഉണ്ടായിരുന്നു. ഗൂഗിളും അതിന്റെ കീഴിലുള്ള യുട്യൂബ്, ആൻഡ്രോയ്ഡ്, ഗൂഗിൾ മാപ്സ്, ജി മെയിൽ, ഗൂഗിൾ ക്ലൗഡ് എന്നിവയും. മെറ്റയും അതിന്റെ കീഴിലുള്ള ഇൻസ്റ്റാ, ഫേസ്ബുക്ക്, വാട്സാപ്, നെറ്റ്ഫ്ലിക്സ്, ആമസോൺ, ഊബർ, ആപ്പിൾ, സ്പോട്ടിഫൈ, ട്വിറ്റർ, റെഡ്ഡിറ്റ്, ലിങ്കിഡ്ഇൻ - ആഗോള ഡേറ്റയുടെ ഒഴുക്കിന്റെ നല്ലൊരു ശതമാനം അമേരിക്കൻ കമ്പനികളിലൂടെയാണ്. ലോകത്താകമാനം പർന്നുപിടിച്ച ഹിപ് ഹോപ് സംഗീതം, റാപ് സിനിമ, ജെൻ-സി-വാക്കുകൾ, സെൻസിബിലിറ്റി ഇവയിലെയെല്ലാം അമേരിക്കൻ താത്പര്യങ്ങളും അഭിരുചികളും അടിഞ്ഞുകൂടിയിട്ടുണ്ട്. തുലാവർഷംപോലെ അത്യുഗ്രമായി പെയ്യുകയും പെട്ടെന്ന് ഒഴിയുകയും ചെയ്യുന്ന ട്രെൻഡുകൾക്കു പിന്നിൽ കൃത്യമായ ആസൂത്രണങ്ങളും താത്പര്യങ്ങളുമുണ്ട്. ലോകത്തെല്ലായിടത്തുമുള്ളതുപോലെ കേരളത്തിലെ ജെൻ-സികളും ഈ ആസൂത്രണ പദ്ധതിയുടെ അകത്താണ്.
ഫാഷനുകളും ട്രെൻഡുകളും ലോകം മുഴുവൻ പടർന്നുപിടിക്കുന്നത് ഇപ്പോൾ ഒരുമിച്ചാണ്. കേരളത്തിൽ വളരെയധികം ശ്രദ്ധനേടുന്ന സീരീസോ അനിമയോ അതേസമയംതന്നെ അമേരിക്കയിലും സ്കാൻഡിനേവിയയിലും ഹിറ്റായിരിക്കും. ആഗോള ട്രെൻഡുകൾക്ക് ഒട്ടും പിറകിലല്ല കേരളക്കരയിലെ ജെൻ-സികൾ. കാരണം, നെറ്റിന് പ്രകാശവേഗമാണ്.